ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ കാണാതായ വയോധികയുടെ മൃതദേഹം ഒരാഴ്ചക്കുശേഷം കിടങ്ങൂരിൽ കണ്ടെത്തി. ഈരാറ്റുപേട്ട തടിക്കപ്പറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ നബീസയാണ് (93) മരിച്ചത്. മേയ് 31ന് രാത്രി ഒമ്പതോടെ ഈരാറ്റുപേട്ട ഇളപ്പുങ്കൽ ഭാഗത്തുനിന്നാണ് ഇവരെ കാണാതായത്. മീനച്ചിലാറ്റിലെ കിടങ്ങൂർ പാലത്തിനു സമീപത്തുനിന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇളപ്പുങ്കൽ പാലത്തിന് സമീപത്തുനിന്ന് ഇവർ ആറ്റിലേക്ക് ഇറങ്ങുന്നതായി പരിസരവാസികൾ കണ്ടെങ്കിലും പിന്നീട് ഒരു വിവരവും ലഭിച്ചില്ല. മഴയിൽ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്ന നിലയിലായിരുന്നു. സംഭവം അറിഞ്ഞതുമുതൽ അഗ്നിരക്ഷാസേന, നന്മക്കൂട്ടം, ടീം വെൽഫെയർ തുടങ്ങിയ സന്നദ്ധപ്രവർത്തകർ നാലു ദിവസം തിരച്ചിലിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച നാട്ടുകാർ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: അഷറഫ്, ഷാജി, പരേതനായ ഷാഹുൽ ഹമീദ്. മരുമക്കൾ: നബീസത്ത്, സിജി, നബീസ.