അടൂർ: കാറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന സഹോദരന്മാരിൽ ഒരാൾ മരിച്ചു. ഏഴംകുളം അയനിക്കാമുകൾ ചരുവിളയിൽ സിദ്ദീഖിന്റെയും ജുബൈരിയയുടെയും മകൻ മുഹമ്മദ് സ്വാലിഹാണ് (16) മരിച്ചത്. മാരൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ കോമേഴ്സ് വിദ്യാർഥിയായിരുന്നു. ഏപ്രിൽ 10ന് ഉച്ചക്ക് 1.45ന് കായംകുളം-പത്തനാപുരം സംസ്ഥാനപാതയിൽ മഹാഗണപതി ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. സഹോദരൻ ജുനൈദുമൊത്ത് പാതക്കരികിൽ തണ്ണിമത്തൻ ജ്യൂസ് വിൽക്കുമ്പോഴായിരുന്നു അപകടം. ഇരുവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടിലെത്തിയ മുഹമ്മദ് സ്വാലിഹിന് ന്യുമോണിയ പിടിപെടുകയും അടൂർ ജനറൽ ആശുപത്രിയിലും തുടർന്ന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സ്വകാര്യ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് ഒരാഴ്ച മുമ്പ് പ്രവേശിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച വെന്റിലേറ്ററിലിരിക്കെയാണ് ഉച്ചക്ക് 2.45ന് മരിച്ചത്. മറ്റൊരു സഹോദരൻ: മുഹമ്മദ് അസ്ലം.