ആറാട്ടുപുഴ: നിയന്ത്രണം വിട്ട ബൈക്ക് കാൽനടക്കാരനെ ഇടിച്ചുതെറുപ്പിച്ചശേഷം മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കുണ്ട്. കാൽനടക്കാരനായ ആറാട്ടുപുഴ എ.സി. പള്ളിക്ക് കിഴക്ക് കൊച്ചുതറ പടീറ്റതിൽ (സീനത്ത് മൻസിലിൽ) കരുനാഗപ്പള്ളി എന്ന് വിളിക്കുന്ന മൈതീൻകുഞ്ഞ് (70), ബൈക്ക് ഓടിച്ച കരുവാറ്റ തിരുവിലഞ്ഞാൽ ക്ഷേത്രത്തിന് സമീപം അനന്ദു ഭവനത്തിൽ ഗോപാലകൃഷ്ണന്റെ മകൻ അനന്തകൃഷ്ണൻ (23) എന്നിവരാണ് മരിച്ചത്.
അടുത്ത ബന്ധുവും ബൈക്കിന്റെ പിൻസീറ്റ് യാത്രികനുമായ കള്ളിക്കാട് എ.കെ.ജി.നഗർ കരിത്തറയിൽ പരേതനായ രത്നദാസിന്റെ മകൻ ശ്യാംദാസിനാണ് ( കുക്കു - 22) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തൃക്കുന്നപ്പുഴ-വലിയഴീക്കൽ തീരദേശറോഡിൽ എം.ഇ.എസ് ജങ്ഷനിലായിരുന്നു അപകടം. മുന്തിയ ഇനം ന്യൂജൻ ബൈക്കാണ് അപകടത്തിൽപെട്ടത്. തൃക്കുന്നപ്പുഴയിൽനിന്ന് ആറാട്ടുപുഴ ഭാഗത്തേക്ക് വന്ന ബൈക്ക് റോഡരികിൽ നിന്ന മൈതീൻകുഞ്ഞിനെ ഇടിച്ചുതെറുപ്പിച്ചശേഷം എം.ഇ.എസ് ബിൽഡിങ്ങിന്റെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിൽ തെറിച്ചുവീണു. അനന്തകൃഷ്ണൻ തൽക്ഷണം മരിച്ചു.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മൈതീൻകുഞ്ഞ് മരിച്ചത്. ഇരുവർക്കും തലക്കാണ് സാരമായി പരിക്കേറ്റത്. റോഡിൽ മുഖം ഇടിച്ചുവീണ് ഗുരുതര പരിക്കേറ്റ ശ്യാംദാസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജനിയാണ് അനന്തകൃഷ്ണന്റെ മാതാവ്. ഭാര്യ: ആതിര. സഹോദരൻ അമൽ. പരേതയായ റൗള കുഞ്ഞാണ് മൈതീൻ കുഞ്ഞിന്റെ ഭാര്യ. മക്കൾ: റാഷിദ, ഫാസില, റഷീദ, സീനത്ത്, അബ്ദുറഹീം (തുറവൂർ ചാവടി ജുമാമസ്ജിദ് ചീഫ് ഇമാം ). മരുമക്കൾ: ഇബ്രാഹിംകുട്ടി സക്കീർഹുസൈൻ കുഞ്ഞുമോൻ, ജുനൈദ. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മൈതീൻകുഞ്ഞിന്റെ മൃതദേഹം പടിഞ്ഞാറെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അനന്തകൃഷ്ണന്റെ സംസ്കാരം ബുധനാഴ്ച നടക്കും. തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.