ആലുവ: തമിഴ്നാട് സ്വദേശി ആലുവ ബൈപാസിൽ ദർശന റോഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടത്. മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആലുവ പൊലീസ് നേതൃത്വത്തിൽ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈകീട്ട് തമിഴ്നാട് സ്വദേശിനിയുമായി ഇയാൾ ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം വഴക്കുണ്ടാക്കിയതായി പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവശേഷം സ്ത്രീയെ കണ്ടെത്തിയിട്ടില്ല. സന്ധ്യക്ക് ഇരുവരും ഇതേ സ്ഥലത്ത് ഇരിക്കുമ്പോൾ ഒരു കാർ മരിച്ചയാളുടെ കാലിലൂടെ കയറിയെന്നും പറയുന്നു. ആശുപത്രിയിൽ പോകുന്നതിന് ഡ്രൈവർ 500 രൂപ നൽകി. ഈ പണത്തിനാണ് മദ്യം വാങ്ങിയത്. കൂടെയുണ്ടായിരുന്ന സ്ത്രീയെയും അപകടം സൃഷ്ടിച്ച കാറിനെയും സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.