കോതമംഗലം: പക്ഷിനിരീക്ഷകനും ഗവേഷകനും കർഷകനുമായ പുന്നേക്കാട് കൗങ്ങുംപിള്ളിൽ കെ.വി. എൽദോസിനെ (പക്ഷി എൽദോസ് -59) വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭൂതത്താൻകെട്ട് ചാട്ടക്കല്ല് വനഭാഗത്താണ് ബുധനാഴ്ച രാവിലെ ഒൻപതോടെ മൃതദേഹം കണ്ടെത്തിയത്. എൽദോസിനെ കാണാനില്ലെന്ന് ബന്ധുക്കൾ ചൊവ്വാഴ്ച കോതമംഗലം പൊലീസിൽ പരാതിനൽകിയിരുന്നു. തട്ടേക്കാട് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട് പക്ഷിനിരീക്ഷണത്തിൽ സജീവമായിരുന്നു. ഇവിടത്തെ പക്ഷികളെയും അവയുടെ ആവാസവ്യവസ്ഥയെയും സംബന്ധിച്ച് ആഴത്തിലുള്ള അറിവ് സമ്പാദിച്ചിരുന്നു. ഇടക്കാലത്ത് തട്ടേക്കാട് പക്ഷിസങ്കേതത്തിനടുത്ത് തുടങ്ങിയ റിസോർട്ട് വിജയിച്ചില്ല. തുടർന്ന് ഏക്കർകണക്കിന് ഭൂമി പാട്ടത്തിന് എടുത്ത് കൃഷിയിലേക്ക് തിരിഞ്ഞെങ്കിലും സാമ്പത്തിക നില മെച്ചപ്പെട്ടിരുന്നില്ല. കൃഷിക്കായി ദേശസാത്കൃത ബാങ്കുകളിൽനിന്നും സഹകരണ സംഘങ്ങളിൽ നിന്നുമായി ഒരു കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ബാങ്ക് ഇടപാടുകൾ തീർക്കാൻ സ്വകാര്യ ബാങ്കുകളിൽ നിന്നും വ്യക്തികളിൽനിന്നും കടം വാങ്ങിയിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യ: തൊടുപുഴ മുളപ്പുറം മാരങ്കണ്ടം കുടുംബാംഗം എമി. മക്കൾ: ആഷി, ഐവ. മരുമക്കൾ: ജിത്തു, അജോ. സംസ്കാരം വ്യാഴാഴ്ച 10ന് പുന്നേക്കാട് സെന്റ് ജോര്‍ജ് ഗത്സിമോന്‍ യാക്കോബായ പള്ളി സെമിത്തേരിയില്‍.