തിരുവനന്തപുരം: ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗവും പ്രമുഖ ആരോഗ്യപ്രവര്ത്തകയുമായിരുന്ന ഡോ. റേയ്ച്ചല്‍ മത്തായി (96) ബംഗളൂരുവില്‍ അന്തരിച്ചു. അടൂര്‍ നെല്ലിമൂട്ടില്‍ മത്തായി മുതലാളിയുടെയും തങ്കമ്മ മത്തായിയുടെയും മകളാണ്. കൊളംബോ യൂനിവേഴ്സിറ്റിയില്‍നിന്ന് ഒന്നാം റാങ്കോടെ എം.ബി.ബി.എസ് പാസായി. ഇംഗ്ലണ്ടില്‍നിന്ന് എം.ആര്.സി.പിയും എഫ്.ആര്.സി.പിയും നേടി. ശ്രീലങ്ക, യു.കെ എന്നിവിടങ്ങളില്‍ ആരോഗ്യരംഗത്തെ സേവനം പൂര്‍ത്തിയാക്കി കേരളത്തിലെത്തി സര്‍ക്കാര്‍ സര്‍വിസില്‍ ചേര്‍ന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും തൈക്കാട് വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രിയില്‍ സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു. പൊതുമേഖലകളില്‍ സ്ത്രീകളുടെയും വയോധികരുടെയും പ്രശ്നങ്ങളില്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ലേഖനങ്ങളും നോവലും ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1984ല്‍ നടന്ന ബി.ജെ.പിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍പേഴ്സണായിരുന്നു. 1987ല്‍ കഴക്കൂട്ടത്തും 1991ല്‍ തിരുവനന്തപുരം നോര്‍ത്തിലും ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു. എല്‍.കെ. അദ്വാനി, വെങ്കയ്യ നായിഡു തുടങ്ങിയവരുമായി വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന റേയ്ച്ചല്‍ മത്തായി 1984 മുതല്‍ ഏറെക്കാലം ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു. പ്രഫ. സൂസന് രാമസ്വാമി, ഫിലിപ്പോസ് മത്തായി, പരേതരായ എലിസബത്ത് മത്തായി ഇടിക്കുള, മേരി മത്തായി എന്നിവര്‍ സഹോദരങ്ങളാണ്. സംസ്കാര ശുശ്രൂഷ ശനിയാഴ്ച ബംഗളൂരു മഡിവാല അഗസ്റ്റിന് നിവാസ് ചാപ്പലില്‍ 10.30നും സംസ്കാരം 12ന് കല്‍പ്പള്ളി സെമിത്തേരിയിലും നടക്കും.