കട്ടപ്പന: അയൽവാസിയുടെ കൃഷിയിടത്തിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. വള്ളക്കടവ് ഒഴുകയിൽപ്പടി വരകുകാലാപറമ്പിൽ സെബാസ്റ്റ്യനാണ് (68, കുട്ടിച്ചൻ) മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പോയ കുട്ടിച്ചൻ വൈകിയും തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ഭാര്യ വ്യാഴാഴ്ച രാവിലെ പരിസരത്ത് തിരഞ്ഞപ്പോഴാണ് സമീപവാസിയുടെ പറമ്പിൽ കുട്ടിച്ചനെ മരിച്ച നിലയിൽ കണ്ടത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇതിനടുത്ത് കടയിൽനിന്ന് വാങ്ങിയ സാധനങ്ങളും കണ്ടെത്തി. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദ്ദേഹം ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. ശാസ്ത്രീയ പരിശോധനയിൽ തലയ്ക്ക് ആഴത്തിൽ പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. ഇതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ ആലീസ്. മക്കൾ: ഷെറിൻ, ഷാന്റി, ഡോണ.