പത്തനംതിട്ട: ‘മലയാള മനോരമ’ സീനിയർ കോഓഡിനേറ്റിങ് എഡിറ്റർ റോയി ഫിലിപ് (58) നിര്യാതനായി. 2017 മുതൽ പത്തനംതിട്ട യൂനിറ്റിൽ സീനിയർ കോഓഡിനേറ്റിങ് എഡിറ്ററാണ്. പാലക്കാട് കോഓഡിനേറ്റിങ് എഡിറ്ററുമായിരുന്നു. കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം യൂനിറ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്. പത്തനംതിട്ട മാർത്തോമ എച്ച്.എസ്.എസ്, കോഴഞ്ചേരി സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എം.കോം പഠനശേഷം 1987ൽ ‘മലയാള മനോരമ’ പത്രാധിപ സമിതിയിൽ ചേർന്നു. പത്തനംതിട്ട പ്രക്കാനം തുണ്ടിയത്ത് പരേതരായ ടി.സി. ഫിലിപ്പോസിന്റെയും (മുൻ റെയിൽവേ ഉദ്യോഗസ്ഥൻ) കുളത്തൂപ്പുഴ ചന്ദനക്കാവ് പുത്തൻപുരക്കൽ ലീലാമ്മയുടെയും മകനാണ്. കുമ്പളാംപൊയ്ക പുതുച്ചിറ ജോ വില്ലയിൽ പി.ഇ. എബ്രഹാമിന്റെ മകൾ സൂസനാണ് (ജിജ) ഭാര്യ. മക്കൾ: ആൻ റോയി ഫിലിപ് (അസി. മാനേജർ, ഫെഡറൽ ബാങ്ക്, പുണെ), ഫിലിപ് റോയി (ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, കൊച്ചി). മരുമകൻ: അരുൺ ചെറിയാൻ വർക്കി (എൻജിനീയർ, സ്ലംബർഗർ, പുണെ). ‘മലയാള മനോരമ’ എക്സിക്യൂട്ടിവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു അന്തിമോപചാരം അർപ്പിച്ചു. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ‘മലയാള മനോരമ’ പത്തനംതിട്ട ഓഫിസിൽ പൊതുദർശനത്തിന് വെക്കും. 1.30ന് പ്രക്കാനത്തെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് പ്രക്കാനം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.