നെല്ലിയാമ്പതി: ചെറുനെല്ലി എസ്റ്റേറ്റിൽ നെല്ലിയാമ്പതി കാണാനെത്തിയ വിദ്യാർഥി ജലാശയത്തിൽ മുങ്ങിമരിച്ചു. വെള്ളിയാഴ്ച രാവിലെ സഹപാഠികളോടൊപ്പം നെല്ലിയാമ്പതിയിലെത്തിയ ആലത്തൂർ കാവശേരി സ്വദേശി റിട്ട. അധ്യാപകൻ ജയപ്രകാശിന്റെ മകൻ അഖിലാണ് (22) എസ്റ്റേറ്റിനടുത്ത പാറക്കെട്ടിനടുത്ത ജലാശയത്തിൽ കാൽ വഴുതിവീണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ സഹപാഠികളായ ആദിത്യരാജ്, മുഹമ്മദ് റാഫി, അനുരാഗ് എന്നിവരോടൊത്ത് കാൽ കഴുകാനിറങ്ങിയപ്പോൾ നാലുപേരും കാൽ തെറ്റി വെള്ളത്തിൽ വീഴുകയായിരുന്നു. മറ്റുള്ളവർ രക്ഷപ്പെട്ടപ്പോൾ അഖിൽ വെള്ളത്തിൽ മുങ്ങുകയായിരുന്നു. അഗ്നിശമന സേനയും മറ്റുമെത്തി തിരച്ചിൽ നടത്തി നാലോടെ അഖിലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആലത്തൂരിൽ ടി.ടി.സിക്ക് പഠിക്കുകയായിരുന്നു അഖിൽ.