തിരുവല്ല: ടി.കെ റോഡിലെ ഇരവിപേരൂരിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം. കുമ്പനാട് നെല്ലിമല മേലേമലയിൽ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ ഷേർളിയാണ് (48) മരിച്ചത്. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ ജീവനക്കാരിയാണ്. മകളെ ബസ് കയറ്റിവിട്ട് മടങ്ങും വഴി ഇരവിപേരൂർ ജങ്ഷനിൽ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ ഷേർളിയുടെ ശരീരത്തിലൂടെ ലോറി കയറി. സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. . ലോറി തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു. മക്കൾ: ഷെറിൻ, ബെലിറ്റ. സംസ്കാരം പിന്നീട്.