മേത്തല: ഊന്നിവില കെട്ടാൻ പോയ മത്സ്യത്തൊഴിലാളിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആനാപ്പുഴ പാലിയം തുരുത്ത് പ്ലാക്ക പറമ്പിൽ ഷൺമുഖന്റെ മകൻ ഉണ്ണികൃഷ്ണനെ (52) ആണ് കൊശവർകുന്ന് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സി.പി.ഐ ആനാപ്പുഴ മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. പതിവുപോലെ വൈകീട്ട് വീട്ടിൽ നിന്ന് ഇറങ്ങിയ ഇയാളെ രാവിലെ തിരിച്ചെത്താത്തതിനെ തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മാതാവ്: കൗമാരി. ഭാര്യ: രാഖി. മക്കൾ: ആദിത്യൻ, അഭിമന്യു.