മല്ലപ്പള്ളി: തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിൽ കുമ്പനാടിനുസമീപം മുട്ടുമണ്ണിൽ സ്വകാര്യബസുമായി കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. പുറമറ്റം കവുങ്ങുംപ്രയാർ പുളിമൂട്ടിൽ തോമസ് ജേക്കബ് (രാജു പുളിമൂട്ടിൽ -69) ആണ് മരിച്ചത്. സി.പി.എം പുറമറ്റം ലോക്കൽ കമ്മിറ്റി അംഗവും തെള്ളിയൂർ കൃഷി വിജ്ഞാനകേന്ദ്രം നിയന്ത്രണത്തിലെ പ്രിമിനന്റ് ആഗ്രോ ഫാർമർ പ്രൊഡ്യൂസർ കമ്പനി എം.ഡിയുമാണ്. ശനിയാഴ്ച രാവിലെ 7.30നായിരുന്നു അപകടം. കോഴഞ്ചേരി ഭാഗത്തേക്ക് തോമസ് ജേക്കബ് ഓടിച്ചുപോകുകയായിരുന്ന കാറും എതിരെ വന്ന കോഴഞ്ചേരി-കവിയൂർ- ചങ്ങനാശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തകർന്ന് എയർബാഗുകൾ തുറന്നിരുന്നു. നാട്ടുകാരാണ് കാറിൽനിന്ന് തോമസിനെ പുറത്തെടുത്തത്. മൃതദേഹം കുമ്പനാട് ഫെലോഷിപ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കവുങ്ങുംപ്രയാർ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. കർഷക കോൺഗ്രസ് പത്തനംതിട്ട ജില്ല മുൻ പ്രസിഡന്റ്, മാർത്തോമ സുവിശേഷ പ്രസംഗ സംഘം ട്രഷറർ, ജില്ല കാർഷിക വികസന സമിതി അംഗം, പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കുമ്പനാട് ധർമഗിരി മന്ദിരം ട്രഷറർ, മാർത്തോമ സഭ പ്രതിനിധി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോശാമ്മ തോമസ്. മക്കൾ: അരുൺ (ദോഹ), അഞ്ജു (പട്ടം സെൻറ് തോമസ് സ്കൂൾ, തിരുവനന്തപുരം). മരുമക്കൾ: ടെസു കുര്യൻ, ഡോണ അരുൺ.