പാലക്കാട്: ബൈക്കിൽനിന്ന് അടിച്ചുവീഴ്ത്തിയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുമ്പ് ചെങ്കോൽ ഗിരീഷ് (33) ആണ് മരിച്ചത്. വീഴ്ചയിൽ തലക്ക് സാരമായി പരിക്കേറ്റിരുന്നു. ഗിരീഷിനെ അടിച്ചുവീഴ്ത്തിയ തിരുവാലത്തൂർ സ്വദേശികളായ സജു (33), അക്ഷയ് (24) എന്നിവർ റിമാൻഡിലാണ്. കല്ലിങ്കൽ ജങ്ഷനിൽ വ്യാഴാഴ്ച രാത്രിയാണ് ബൈക്കിൽ നിന്ന് വീണ് ഗിരീഷിന് തലക്ക് ഗുരുതര പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഗിരീഷ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബൈക്ക് മറിഞ്ഞുണ്ടായ അപകടമെന്നാണ് ആദ്യം കരുതിയതെങ്കിലും വ്യക്തിവൈരാഗ്യം കാരണം മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കൾ ഗിരീഷിനെ ബോധപൂർവം കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചന്ദ്രനഗറിലെ ബാറിൽനിന്ന് മദ്യപിച്ചശേഷം വീട്ടിലേക്ക് മടങ്ങുംവഴി ആസൂത്രിത അപകടമുണ്ടാക്കി യുവാക്കൾ രക്ഷപ്പെടുകയായിരുന്നു.