അഗളി: പ്ലസ് ടു വിദ്യാർഥിനിയായ നവവധു മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. അട്ടപ്പാടി നായ്ക്കർപാടി കാവുങ്കൽ മനീഷിന്റെ ഭാര്യ വിസ്മയ (19) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഞായറാഴ്ച രാത്രി മരിച്ചത്. വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് നാല് ദിവസം മുമ്പ് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും വിസ്മയ ചികിത്സ തേടിയിരുന്നു. പെരിന്തൽമണ്ണയിൽനിന്ന് ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മഞ്ഞപ്പിത്തം ഗുരുതരമായ അവസ്ഥയിൽ രാത്രി പതിനൊന്നോടെയാണ് മരിച്ചത്. ആറു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. അഗളി ഗവ. ഹായർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. ബന്ധുക്കളുടെ ആവശ്യപ്രകാരം പോസ്റ്റ്മോർട്ടം നടത്തി.