നടത്തറ: ദേശീയപാത നടത്തറ സിഗ്നല്‍ ജങ്ഷനില്‍ ചുവന്ന ലൈറ്റ് കത്തിക്കൊണ്ടിരിക്കെ മുന്നോട്ട് വന്ന ലോറിയിടിച്ച് ഒരാള്‍ മരിച്ചു. യുവതിക്ക് പരിക്ക്. പൊന്നൂക്കര സ്വദേശി ചക്കാലപറമ്പില്‍ സേതുമാധവന്റെ മകന് മണികണ്ഠന് (38) ആണ് മരിച്ചത്. സ്കൂട്ടര്‍ യാത്രക്കാരി എളംതുരുത്തി സ്വദേശിനി അമ്പാടിക്കല് വീട്ടില്‍ മിനിക്കാണ് (42) പരിക്കേറ്റത്. ഇവരെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 10.30നാണ് അപകടം. മണ്ണുത്തി ഭാഗത്ത് നിന്ന് സിമന്റ് മിശ്രിതം കയറ്റി വന്ന ലോറി സിഗ്നൽ മാറി ചുവന്ന ലൈറ്റ് പ്രകാശിച്ച ഉടൻ മുന്നോട്ട് നീങ്ങിയതോടെ റോഡ് കുറുകെ കടന്ന രണ്ട് സ്കൂട്ടറുകളില്‍ ഇടിക്കുകയായിരുന്നു. മണികണ്ഠന് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നടത്തറയിലെ ആക്ട്സ് പ്രവര്‍ത്തകര്‍ പരിക്കേറ്റ മിനിയെയും മണികണ്ഠനെയും ആശുപത്രികളില്‍ എത്തിച്ചു. മണികണ്ഠന്റെ മാതാവ്: ഇന്ദിര. ഭാര്യ: അശ്വതി. മക്കള്‍: അഭിനവ്, ആദിദേവ്, ദേവിക. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് വീട്ടുവളപ്പില്‍.