ആലപ്പുഴ: വാഗമണ്ണിൽനിന്ന് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് ആലപ്പുഴ പുന്നമട ജെട്ടിക്ക് വടക്കുഭാഗത്ത് ഹൗസ് ബോട്ടില്‍നിന്ന് കായലിൽവീണ് മരിച്ചു. വാഗമണ്ണിൽ വാടകക്ക് താമസിക്കുന്ന കട്ടപ്പന കടമാൻകുഴി വള്ളക്കടവ് വളവനാട് വീട്ടിൽ ജോമോൻ ജോസഫാണ് (43) മുങ്ങി മരിച്ചത്. പത്തംഗസംഘം ബുധനാഴ്ച രാത്രി 11നാണ് പുന്നമട ജെട്ടിയിൽ എത്തിയത്. പുന്നമട സ്വദേശി രാജേഷിെൻറ അനുപമ ഹൗസ് ബോട്ട് ഇവരുമായി രാത്രിയിൽ കായലിൽ നങ്കൂരമിട്ടു. ഒരുമണിവരെ സംഘം സംസാരിച്ചിരുന്നു. തുടർന്ന് ഉറങ്ങാൻ ജോമോൻ മുകളിലത്തെ നിലയിൽനിന്ന് താഴത്തെ മുറിയിലേക്കുപോയി. വ്യാഴാഴ്ച രാവിലെ എട്ടര കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ മുറിയിൽ അന്വേഷിച്ചെത്തി. ഇയാളുടെ ചെരിപ്പും പഴ്സും മറ്റ് സാധനങ്ങളും കണ്ടെത്തി. തുടർന്ന്, പൊലീസിലും അഗ്നിരക്ഷാ സേനയിലും അറിയിച്ചു. അഗ്നിരക്ഷാ സേനയുടെ മുങ്ങൽ വിദഗ്ധസംഘം വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ മൃതദേഹം കണ്ടെത്തി.
ജോമോൻ കിടന്ന മുറിയുടെ ജനൽ തുറന്നിരുന്നു. ജനലിന് അധികം അകലെയല്ലാതെയാണ് മൃതദേഹം കണ്ടെത്തിയത്. അഴികളില്ലാത്ത ഈ ജനൽവഴി അബദ്ധത്തിൽ കായലിൽ വീണതാകാമെന്ന് പൊലീസ് പറയുന്നത്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ടോടെ മൂവാറ്റുപുഴ വാഴക്കുളം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സീന. മക്കൾ: അലീന, അമൽ, അലോണ.
രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫിസര്‍ ആർ. ജയസിംഹൻ, സ്കൂബ ഡൈവേഴ്സ് അംഗങ്ങളായ പി.എഫ്. ലോറൻസ്, കെ.ആര്. അനീഷ്, എസ്. സുജിത്, എന്‍.എസ്. ഷൈൻകുമാർ എന്നിവർ നേതൃത്വം നൽകി.