ചെറുതോണി: പേവിഷബാധയെത്തുടർന്ന് വീട്ടമ്മ മരിച്ചു. ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം തേക്കിൻതണ്ട് പെരിയാർവാലി തോട്ടക്കാട്ട് ശങ്കറിന്റെ ഭാര്യ ഓമനയാണ് (65) മരിച്ചത്. രണ്ടുമാസം മുമ്പാണ് ഇവർക്ക് നായുടെ കടിയേൽക്കുന്നത്. ഈ വിവരം ഭർത്താവിനെയോ ബന്ധുക്കളെയോ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ച ഓമനയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവെച്ചാണ് കടിയേറ്റ വിവരം ഡോക്ടറോട് പറയുന്നത്. തുടർന്ന്, പേവിഷബാധക്കുള്ള വാക്സിൻ എടുത്ത് ഓമനയെ വീട്ടിലേക്ക് അയച്ചു. എന്നാൽ, വീട്ടിലെത്തിയതോടെ രോഗം മൂർച്ഛിക്കുകയും വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച പുലർച്ച മരിച്ചു. മൃതദേഹം അടിമാലി കൂമ്പൻപാറയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഇവരുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിൽ ആക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.