പള്ളുരുത്തി: പെരുമ്പടപ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് സ്വകാര്യ ബസ് പാഞ്ഞുകയറി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അസം സ്വദേശി ജിറുൾ ഇസ്ലാമാണ് (24) ഞായറാഴ്ച രാത്രിയോടെ മരിച്ചത്. ഗുരുതര പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. പെരുമ്പടപ്പ് - ചിറ്റൂർ റൂട്ടിൽ സർവിസ് നടത്തുന്ന ‘സെന്റ് റാഫേൽ’ ബസാണ് അപകടമുണ്ടാക്കിയത്. ബസിനിടയിൽപ്പെട്ട ജിറുൽ ഇസ്ലാമിനെ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടാണ് പുറത്തേക്കെടുത്തത്. പെരുമ്പടപ്പ് കോണം റോഡിലെ കാർ വാഷ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഒപ്പമുണ്ടായിരുന്ന അസം സ്വദേശി മുബാറക്ക് അലി (27), പെരുമ്പടപ്പ് സ്വദേശി സിനി അലക്സാണ്ടർ (37) എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ജിറുൽ ഇസ്ലാമിന്റെ മൃതദേഹം നടപടി ക്രമം പൂർത്തിയാക്കി തിങ്കളാഴ്ച അസമിലേക്ക് കൊണ്ടുപോയി.
അപകടത്തിനിടയാക്കിയ ബസ് ഡ്രൈവർ പള്ളുരുത്തി നമ്പ്യാപുരം, ഉമ്മത്തറ വീട്ടിൽ അലൻ ഷാജി (23) പിന്നീട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അപകടം നടന്നയുടൻ ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.