അകത്തേത്തറ: സ്വകാര്യ ബസും മോപ്പഡും കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രികൻ മരിച്ചു.അകത്തേത്തറ ശാസ്താനഗർ ഹിൽ വ്യൂ ഗാർഡൻ ഹൗസിങ് കോളനിയിലെ എ.എസ് മൻസിലിൽ മുഹമ്മദലിയുടെ മകൻ നിഷാദലിയാണ് (38) മരിച്ചത്. ബുധനാഴ്ച രാവിലെ 8.50ന് ആണ്ടിമഠത്തെ റെയിൽ നഗർ വളവിലാണ് ഇരു വാഹനങ്ങളും കൂട്ടിയിടിച്ചത്. ആണ്ടിമഠം സെന്ററിൽ പിതാവിനൊപ്പം ആയിഷ കോഫി ഷോപ്പ് നടത്തിവരുകയാണ് നിഷാദലി. കടയിലെ പാചകവാതകം കഴിഞ്ഞപ്പോൾ വീട്ടിൽനിന്ന് ഗ്യാസെടുക്കാൻ ശാസ്ത നഗറിലേക്ക് പോകുന്ന വഴിയിലാണ് സംഭവം.
അപകടത്തിൽ സാരമായി പരിക്കേറ്റ യുവാവ് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരിച്ചു. മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. മാതാവ്: സുരയ്യ. ഭാര്യ: തസ്ലീന. ആയിഷ നൗറിൻ ഏക മകളാണ്.