പൂച്ചാക്കൽ: ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് 15ആം വാർഡ് കേളമംഗലം കുറുപ്പശ്ശേരി സതീശന്റെ മകൻ ജയകൃഷ്ണനാണ്(32) മരിച്ചത്. പള്ളിച്ചന്തക്ക് വടക്ക് കാർഗിൽ ജങ്ഷന് സമീപം ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് മരത്തിലിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ജയകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇലക്ട്രീഷ്യനായിരുന്നു. മാതാവ്: നിർമല. സഹോദരി: ജയലക്ഷ്മി. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം വ്യാഴാഴ്ച.