ആലുവ: ബാങ്ക് കവലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് മരിച്ചു. ബാങ്ക് കവല ഭാഗത്തെ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന നാടോടിയായ ബാബുവാണ് (60) മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാലടി ഭാഗത്തുനിന്നും ആലുവയിലേക്ക് വന്ന സ്വകാര്യ ബസ് സ്റ്റോപ്പിൽ ആളെ ഇറക്കാൻ നിർത്തിയ സമയത്താണ് ബാബു ബസിന് മുന്നിലൂടെ കുറുകെ കടന്നതെന്ന് പറയുന്നു. ബസിനോട് ചേർന്ന് നടന്നതിനാൽ ഡ്രൈവർക്ക് കാണാനായില്ല. യാത്രക്കാരെ ഇറക്കിയ ശേഷം ബസ് മുന്നോട്ട് എടുത്തപ്പോൾ അടിയിൽപ്പെടുകയായിരുന്നു. ആക്രി സാധനങ്ങൾ പെറുക്കി വിറ്റാണ് ബാബു ജീവിച്ചിരുന്നത്. വീട്ടുകാരെ കുറിച്ചോ നാടിനെ കുറിച്ചോ ആർക്കും വ്യക്തതയില്ല. മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിൽ. ബസ് ഡ്രൈവർ സോജനെ പൊലീസ് അറസ്റ്റ് ചെയ്തു.