കോതമംഗലം: ജർമനിയിലെ മ്യൂണിക്കില്‍ വെള്ളത്തില്‍ വീണ സഹപ്രവർത്തകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വൈദികന് മുങ്ങി മരിച്ചു. സി.എസ്.ടി സഭാംഗം ഫാ. ബിനു (ഡൊമിനിക് -42) കുരീക്കാട്ടിലാണ് അപകടത്തില്‍പെട്ടത്. ബവേറിയ സംസ്ഥാനത്തെ ഷ്വാര്‍സാഹ് ജില്ലയിലുള്ള ലേക്ക് മൂര്‍ണറിൽ റേഗന്‍സ്ബുര്‍ഗിലുള്ള തടാകത്തില്‍ ചൊവ്വാഴ്ചയായിരുന്നു അപകടം. പൊലീസും റെസ്ക്യൂ സേനയും നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വ്യാഴാഴ്ച വൈകീട്ട് 4.30ഓടെ അപകടം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തി. ഇന്‍ക്വസ്റ്റ് ചെയ്തശേഷം മ്യൂണിക്കിലെ സ്വകാര്യ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആറുദിവസത്തിനകം നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് സി.എസ്.ടി സഭ അധികൃതര്‍ അറിയിച്ചു. കോതമംഗലം രൂപതയില്‍പെട്ട പൈങ്ങോട്ടൂര്‍ ഇടവകാംഗമായ ഫാ. ബിനു ആലുവ സി.എസ്.ടി പ്രൊവിന്‍സിന്റെ ഭാഗമായ റേഗന്‍സ്ബര്‍ഗ് രൂപതയിലാണ് കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്നത്. പൈങ്ങോട്ടൂര്‍ കുരീക്കാട്ടില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ ആറ് മക്കളില്‍ ഇളയയാളാണ്. സഹോദരങ്ങള്‍: സെലിന്, മേരി, ബെന്നി, ബിജു, ബിന്ദു.