അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിൽ സ്വകാര്യ ബസ് ഇടിച്ച് വൈദ്യുതി വകുപ്പിൽ താൽക്കാലിക ജീവനക്കാരനായ ബൈക്ക് യാത്രികൻ മരിച്ചു. മാമലക്കണ്ടം വട്ടക്കുഴിയിൽ ബെന്നി -ഓമന ദമ്പതികളുടെ മകൻ ഡെനീഷാണ് (24) മരിച്ചത്. കൂടെയുണ്ടായിരുന്ന മാതൃസഹോദരിയുടെ മകൻ രാജീവ് (26) ഗുരുതരാവസ്ഥയിൽ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വാളറ കുളമാംകുഴി സ്വദേശിയാണ് രാജീവ്. തിങ്കളാഴ്ച രാവിലെ 8.30നാണ് അപകടം. കെ.എസ്.ഇ.ബി താൽക്കാലിക ജീവനക്കാരായ ഇവർ ബൈക്കിൽ കോതമംഗലത്തേക്ക് പോകവെ അടിമാലിയിലേക്ക് വന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു. തൽക്ഷണം ഡെനീഷ് മരണമടഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അടിമാലി പൊലീസ് കേസെടുത്തു.