കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ വഞ്ചിവയൽ ആദിവാസി കോളനിയിലെ താമസക്കാരനായ യുവാവിനെ കാട്ടിനുള്ളിലെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.
വഞ്ചിവയൽ ഇലവുങ്കൽ വീട്ടിൽ പ്രഭാകരനാണ് (47) മരിച്ചത്. തിങ്കളാഴ്ച രാവിലെ വീട്ടിൽനിന്ന് പോയ പ്രഭാകരൻ മടങ്ങിവരാതിരുന്നതിനെത്തുടർന്ന് ഭാര്യ സുനിതയും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് റോഡിലെ കലുങ്കിനടിയിൽ മൃതദേഹം കണ്ടെത്തിയത്. കലുങ്കിൽ ഇരുന്ന പ്രഭാകരൻ തോട്ടിലേക്ക് വീണ് മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. അപസ്മാര രോഗി കൂടിയാണ് പ്രഭാകരനെന്ന് ബന്ധുക്കൾ പറഞ്ഞു. കടുവ സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചിൽപെട്ട സ്ഥലമായതിനാൽ വനപാലകർ സ്ഥലത്തെത്തി മരണ കാരണം വന്യജീവി ആക്രമണമല്ലെന്ന് ഉറപ്പുവരുത്തി. കുമളി പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.