പട്ടാമ്പി: ഓങ്ങല്ലൂർ പോക്കുപ്പടി മാട് ഭാഗത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വാണിയംകുളം കുന്നക്കാൽതൊടി പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ കിഷോറാണ് (26) മരിച്ചത്. പട്ടാമ്പിയിലെ സ്വകാര്യ ലാബ് ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ പട്ടാമ്പിയിലേക്ക് പോകുന്നതിനിടെ മാടിറക്കത്തിൽ കിഷോറിന്റെ സ്കൂട്ടറിൽ എതിരെ വന്ന സ്വകാര്യ ബസിടിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ യുവാവിന്റെ തലയിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി. നാട്ടുകാർ ഉടൻ അടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടം നടന്നയുടൻ ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. പട്ടാമ്പി പൊലീസും ഷൊർണൂർ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഗിരിജയാണ് കിഷോറിന്റെ മാതാവ്. സഹോദരങ്ങൾ: കിരൺ, ഷിജിത്ത്.