ചേര്‍ത്തല: വേളാങ്കണ്ണി സന്ദർശനത്തിനുശേഷം മടങ്ങവെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായി പിന്നീട് ആശുപത്രിവിട്ടയാൾ തൂങ്ങിമരിച്ചു. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് 21ആം വാര്‍ഡ് അര്‍ത്തുങ്കല്‍ ചമ്പക്കാട് വേങ്ങശ്ശേരില് ബൈജു (51)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനാണ് വീട്ടില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. മേയ് 22നാണ് ബൈജുവും കുടുംബവും ഉള്‍പ്പെടെ വേളാങ്കണ്ണി തീർഥാടകസംഘം സഞ്ചരിച്ച ട്രാവലര്‍ പാലക്കാട് വടക്കഞ്ചേരിയില്‍ ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈജുവിന്റെ ബന്ധുക്കളായ മൂന്നുപേർ മരിച്ചിരുന്നു. അര്‍ത്തുങ്കല്‍ ചമ്പക്കാട്ട് പോള്‍ (പൈലി-72), ഭാര്യ റോസ്ലി (64), പോളിന്റെ സഹോദരന് വര്‍ഗീസിന്റെ ഭാര്യ ജെസി (50) എന്നിവരാണ് മരിച്ചത്. ബൈജുവിനും ഭാര്യ പ്രസന്നക്കും മകള്‍ ജെസിയക്കും പരിക്കേറ്റിരുന്നു. തലക്ക് പരിക്കേറ്റ ബൈജുവിനും ഭാര്യ പ്രസന്നക്കും ആദ്യം വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമായിരുന്നു ചികിത്സ. ഏതാനും ദിവസം മുമ്പാണ് ഇരുവരും ആശുപത്രി വിട്ടത്. ഭാര്യ പ്രസന്ന അവരുടെ വീട്ടിലേക്കും ബൈജു അര്ത്തുങ്കലേക്കും എത്തി. തലക്കേറ്റ പരിക്കില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. നിർമാണത്തൊഴിലാളിയായിരുന്നു. പരിക്കേറ്റവർക്ക് നാട് ചികിത്സധനസമാഹരണം നടത്തി തുക നൽകിയിരുന്നു. മക്കള്‍: ജനീസ്, ജസിയ. സംസ്കാരം ബുധനാഴ്ച അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.