ചെർപ്പുളശ്ശേരി: കാറൽമണ്ണയിൽ പെയിന്റിങ് ജോലിക്കിടെ യുവാവ് വീടിന്റെ ഒന്നാം നിലയിൽ നിന്ന് കിണറ്റിലേക്ക് വീണ് മരിച്ചു. മോളൂർ അത്താണിപ്പാറ തറയൻകുന്നിമേൽ ഖമറുദ്ദീന്റെ മകൻ മുഹമ്മദ് റിയാസാണ് (21) മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കാറൽമണ്ണയിൽ പെയിന്റ് ചെയ്തുകൊണ്ടിരുന്ന വീടിന്റെ മുകളിൽനിന്ന് വീടിനോട് ചേർന്ന കിണറ്റിലേക്ക് തെന്നി വീഴുകയായിരുന്നു.കിണറിന്റെ ആൾമറയിൽ ഇടിച്ച ശേഷം കിണറ്റിൽ വീണ റിയാസിനെ ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെർപ്പുളശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. മോളൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: നബീസ. സഹോദരൻ: ഫൈസൽ.