എരുമേലി: കരിങ്കല്ലുംമൂഴിയിൽ ബുധനാഴ്ച രാത്രി ഉണ്ടായ ബൈക്ക് അപകടത്തിൽ ചികിത്സയിലിരുന്ന യുവാവും മരിച്ചു. പൊന്തൻപുഴ സ്വദേശി കിഴക്കേതിൽ രാഹുൽ സുരേന്ദ്രനാണ് (25) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചത്. രാഹുലിനൊപ്പം ബൈക്കിലുണ്ടായിരുന്ന ചേനപ്പാടി പാത്തിപ്പാറ സ്വദേശി മുക്കനോലിൽ ശ്യാം സന്തോഷ് (23) സംഭവ ദിവസം തന്നെ മരിച്ചു. ബുധനാഴ്ച രാത്രി ഒമ്പതോടെ എരുമേലി - റാന്നി റോഡിൽ കരിങ്കല്ലുംമൂഴി പെട്രോൾ പമ്പിന് സമീപത്താണ് അപകടം. എരുമേലിയിലേക്ക് പോകുന്ന ബൈക്ക് എതിരെ വന്ന നിലയ്ക്കൽ ഭദ്രാസനം ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ചുവീണ ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്യാം സന്തോഷ് മരിച്ചു. വിദഗ്ധ ചികിത്സക്ക് രാഹുലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്യാമിന്റെ പിതാവ് സന്തോഷ്. മാതാവ്: ബിന്ദു. സഹോദരൻ: സനിൽ. സുരേന്ദ്രനാണ് രാഹുലിന്റെ പിതാവ്. മാതാവ്: രജനി. സഹോദരങ്ങൾ: രേഷ്മ, രമീഷ. സംസ്കാരം പിന്നീട്.