ആലപ്പുഴ: കടലിൽ കുളിക്കുന്നതിനിടെ കാണാതായ കുമരകം പുത്തൻപുരയിൽ വിശംഭരന്റെ മകൻ അമലിന്റെ (23) മൃതദേഹം കണ്ടെത്തി. ബുധനാഴ്ച പുലർച്ചെയാണ് സുഹൃത്ത് ഉണ്ണിക്കുട്ടനുമൊപ്പം കാട്ടൂർ കടപ്പുറത്ത് കുളിക്കുന്നതിനിടെ അമൽ തിരയിൽപെട്ടത്. വ്യാഴാഴ്ച വൈകീട്ട് മൃതദേഹം തുമ്പോളി തീരത്ത് അടിഞ്ഞു. തീരസംരക്ഷണ സേനയും തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കടൽ ക്ഷോഭിച്ചിരുന്നതിനാൽ തടസ്സപ്പെട്ടിരുന്നു. തുടർന്ന് ഹെലികോപ്ടറിന്റെ സഹായത്തോടെ കോസ്റ്റ്ഗാർഡും തിരച്ചിൽ നടത്തി. കാലാവസ്ഥ പ്രതികൂലമായി തുടരുന്നതിനിടെ മൃതദേഹം കരക്ക് അടിയുകയായിരുന്നു. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. മണ്ണഞ്ചേരി പൊലീസ് മേൽനടപടി സ്വീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.