മണ്ണഞ്ചേരി: പാചകത്തിനായി വീടിനു സമീപം സൂക്ഷിച്ചിരുന്ന വിറക് എടുക്കുന്നതിനിടെ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 14ാം വാർഡ് കണ്ടത്തിൽ പ്രകാശന്റെ ഭാര്യ ദീപയാണ് (44) മരിച്ചത്. ശനിയാഴ്ച രാവിലെ 11.15ഓടെ വീടിനോട് ചേർന്ന് പുറത്ത് ശേഖരിച്ചിരുന്ന വിറക് അടുക്കളയിലേക്ക് എടുക്കുന്നതിനിടെയായിരുന്നു സംഭവം.
വിറകിന്റെ അഗ്രഭാഗം കൊണ്ട് മുറിവുണ്ടായെന്നാണ് ദീപ ആദ്യം കരുതിയത്. അൽപസമയം കഴിഞ്ഞതോടെ മുറിവ് പറ്റിയ ഭാഗത്ത് നിറവ്യത്യാസവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഞായറാഴ്ച ഒരു മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ദേവപ്രിയ, ദേവാനന്ദ്.