തിരുവനന്തപുരം: സംസ്ഥാന ഭിന്നശേഷി കമീഷണറും വികലാംഗക്ഷേമ കോർപറേഷൻ ചെയർമാനുമായിരുന്ന മെഡിക്കൽ കോളജ് നവരംഗം ലൈനിലെ മിനാറിൽ ഡോ. അഹമ്മദ് പിള്ള (74) നിര്യാതനായി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡിൻ ആൻഡ് റീഹാബലിറ്റേഷൻ വിഭാഗം മേധാവിയായിരുന്ന അഹമ്മദ് പിള്ള 2005ലാണ് വിരമിച്ചത്.
1995ൽ സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ ചെയർമാനായി. 2000-2005, 2011-2017 കാലഘട്ടങ്ങളിൽ സംസ്ഥാന ഭിന്നശേഷി കമീഷണറായും പ്രവർത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡെപ്യൂട്ടി സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു. സർവിസിൽ നിന്ന് വിരമിച്ചശേഷം കോസ്മോ ആശുപത്രിയിൽ പ്രവർത്തിക്കുകയായിരുന്നു. തലസ്ഥാനത്ത് വികലാംഗരായ കിടപ്പുരോഗികൾക്കായി വീട്ടിലെത്തിയുള്ള പരിചരണം വ്യാപകമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ഭാര്യ: ഷോഫി. മക്കൾ: ഡോ.എ. സനൂജ് (അസി.സർജൻ പാറശാല താലൂക്കാശുപത്രി) ഡോ.എ. ഷീന (അസോ. പ്രഫസർ അസീസിയ മെഡിക്കൽ കോളജ്). മരുമക്കൾ: ഷബാന, ഡോ. റിയാസ് (വൈസ് പ്രിൻസിപ്പൽ, അസീസിയ മെഡിക്കൽ കോളജ്).