കോട്ടയം: സി.പി.എം രൂപവത്കരണഘട്ടത്തിൽ ജില്ല കമ്മിറ്റിയുടെ ആദ്യ ഓഫിസ് സെക്രട്ടറിയായി പ്രവർത്തിച്ച എം.എം. വർക്കി (വർക്കിച്ചായൻ - 85) നിര്യാതനായി. കൊഴുവനാൽ മാന്തറ കുടുംബാംഗമാണ്. അവിവാഹിതനായ വർക്കി ഓഫിസിൽതന്നെയാണ് താമസിച്ചിരുന്നത്. കോട്ടയത്തെ ഫിലിം സൊസൈറ്റി, ദേശാഭിമാനി തിയറ്റേഴ്സ്, ബുക്ക് സ്റ്റാൾ എന്നിവയുടെ ചുമതലക്കാരനുമായി. അമേച്വർ മൂവി മേക്കേഴ്സ് അസോസിയേഷൻ (അമ്മ), മാസ് ഫിലിം സൊസൈറ്റി എന്നിവക്കും രൂപം നൽകി. ജോൺ എബ്രഹാം, അരവിന്ദൻ, എം.പി. സുകുമാരൻ നായർ, കാമറമാൻ വേണു തുടങ്ങിയവരുമായി അടുത്ത ബന്ധമായിരുന്നു. സഹോദരങ്ങൾ: പരേതനായ തോമസ്, മാത്യു, ജയിംസ് (ഗുജറാത്ത്), എബ്രഹാം (ഗോവ), മേരി. മൃതദേഹം ജില്ല കമ്മിറ്റി ഓഫിസിൽ രാവിലെ 10 മുതൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കോട്ടയം മുട്ടമ്പലം പൊതുശ്മശാനത്തിൽ.