തൃപ്പൂണിത്തുറ: എസ്.എന്‍ ജങ്ഷനില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചോറ്റാനിക്കര മഞ്ചക്കാട് ദേവീകൃഷ്ണയില് മനോജ്കുമാര്‍-അജിത ദമ്പതികളുടെ മകന് അശ്വിന് (മനു-20), ഉദയംപേരൂര്‍ പത്താംമൈല്‍ എം.എല്‍.എ റോഡില്‍ ആലുങ്കല്‍ വീട്ടില്‍ തമ്പി-സന്ധ്യാമോള്‍ ദമ്പതികളുടെ മകന് വൈശാഖ് (20) എന്നിവരാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന പൂത്തോട്ട പുത്തന്‍കാവ് പുന്നക്കാവെളിയില് പറയോളത്ത് വീട്ടില്‍ അജിത് (21) പരിക്കുകളോടെ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി 12ഓടെ എസ്.എന്‍ കവലയിലാണ് അപകടം. ഇരുമ്പനത്തുനിന്ന് പേട്ട ഭാഗത്തേക്ക് പോകുകയായിരുന്ന ഗ്യാസ് കയറ്റിയ ടാങ്കര്‍ ലോറിയില്‍, എരൂര്‍ ഭാഗത്തുനിന്ന് വന്ന യുവാക്കള്‍ സഞ്ചരിച്ച സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഹില്‍പാലസ് പൊലീസ് ജീപ്പിലും ആംബുലന്‍സിലുമായി യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും സംസ്കാരം നടത്തി. അശ്വിന്റെ സഹോദരി അശ്വതി. വൈശാഖിന്റെ സഹോദരി അഞ്ജലി.