കോലഞ്ചേരി: ഫിനഹാസ് റമ്പാൻ (ജോസഫ്- 88) നിര്യാതനായി. യാക്കോബായ സുറിയാനി സഭയുടെ താപസശ്രേഷ്ഠനായി അറിയപ്പെടുന്ന ഇദ്ദേഹം പോസ്റ്റൽ ആൻഡ് ടെലിഗ്രാഫ് വകുപ്പിലെ ഉന്നത ഉദ്യോഗം ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുകയായിരുന്നു. ചെറായി സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ വാഴപ്പിള്ളിയിൽ പത്രോസ് കോർ എപ്പിസ്കോപ - മറിയാമ്മ ദമ്പതികളുടെ മകനായി 1934 ഏപ്രിൽ 14 നാണ് ജനനം. തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായ ഇദ്ദേഹം മൂവാറ്റുപുഴയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1967ൽ തിരുവനന്തപുരത്ത് ജോലി ചെയ്യവേ ജോലിയും വീടും ഉപേക്ഷിച്ച് സന്യാസജീവിതം തെരഞ്ഞെടുത്തു. മൂവാറ്റുപുഴ അരമനയിലും പിറമാടം ദയറയിലും മഞ്ഞനിക്കര ദയറയിലുമായിട്ടായിരുന്നു പിന്നീടുള്ള ജീവിതം. 1976ൽ മലേക്കുരിശ് ദയറയിൽ എത്തി. 2006 ഒക്ടോബർ 21ന് മോർ ദിയസ്കോറസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പൂർണ ശെമ്മാശ പട്ടം നൽകി. ഒക്ടോബർ 28ന് കശീശപട്ടം സ്വീകരിച്ചു. നവംബർ രണ്ടിന് റമ്പാൻ സ്ഥാനവും ഫിനഹാസ് എന്ന പേരും സ്വീകരിച്ചു. സുറിയാനിയിലും ഇംഗ്ലീഷിലും സംസ്കൃതത്തിലും പാണ്ഡിത്യം ഉള്ള റമ്പാൻ മുഴുസമയവും പ്രാർഥനയിലും പുസ്തക പാരായണത്തിലും മുഴുകി. ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയാർക്കീസ് ബാവ 2010 സെപ്റ്റംബർ 22ന് ‘ദയറോ നാശീഹോ’ ബഹുമതി നൽകി ആദരിച്ചു. സഹോദരങ്ങൾ: വത്സ പീറ്റർ, നാൻസി പീറ്റർ, വി.പി. സാറാമ്മ, പരേതരായ വി.പി. ലോസ്, വി.പി. ജോർജ്, വി.പി. ഏലിയാസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് മലേക്കുരിശ് ദയറയിൽ നടക്കും.