ആലപ്പുഴ: ബലിപെരുന്നാൾ അവധിക്ക് ബന്ധുവിനൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മെഡിക്കല്‍ വിദ്യാർഥിനി മരിച്ചു. യുവാവിന് പരിക്ക്. തൃക്കുന്നപ്പുഴ കോട്ടയമുറി കൊച്ചീലേടെ പറമ്പിൽ അബ്ദുൽ റഹീമിന്റെ മകൾ ഫൗസിയയാണ് (21) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ബന്ധു ഫയാസ് മന്‍സിലില്‍ ഫയാസ് ബഷീറിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ ബൈപാസില്‍ ഡബ്ല്യു ആൻഡ് സി ആശുപത്രിക്ക് സമീപം ശനിയാഴ്ച പുലര്‍ച്ചയായിരുന്നു അപകടം. കർണാടകയിലെ മെഡിക്കല്‍ കോളജിലെ ന്യൂറോസയന്‍സ് വിദ്യാർഥിനിയാണ് ഫൗസിയ. ബലിപെരുന്നാൾ അവധി ആയതിനാല്‍ ബന്ധുവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടെ നിയന്ത്രണം തെറ്റിയ ബൈക്ക് ബൈപാസില്‍ മറിയുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫൗസിയ മരിച്ചു. മാതാവ്: നസ്രത്. സഹോദരി: നൗഫിയ.