കൊച്ചി: സുഹൃത്തിനെ വെട്ടിപ്പരിക്കേൽപിച്ചശേഷം നഗരമധ്യത്തിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. കലൂർ മാർക്കറ്റിനുസമീപം തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. തോപ്പുംപടി പ്യാരി ജങ്ഷനിൽ പള്ളിച്ചാൽ റോഡിൽ കൂട്ടുങ്കൽ ഹൗസിൽ സിറിൾ ക്രൂസ് ഫ്രാൻസിസിന്റെയും മാരി ക്രൂസിന്റെയും മകൻ ക്രിസ്റ്റഫർ ക്രൂസാണ് (24) മരിച്ചത്. വെട്ടേറ്റ ആലുവ യു.സി കോളജ് ബി.എസ്സി വിദ്യാർഥിയായ എരുമത്തല സ്വദേശി സചിനെ (24) എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെറ്റ് ഷോപ്പിനുമുന്നിലെ പോസ്റ്റിനടുത്ത് വന്നിരുന്ന യുവാവ് കത്തി ഉപയോഗിച്ച് കൈയും കഴുത്തും മുറിക്കുകയായിരുന്നു. തിരക്കുള്ള സമയമായതിനാൽ രക്തം വാർന്ന് യുവാവ് കുഴഞ്ഞുവീണതോടെയാണ് സംഭവം കടക്കാരുടെയും വഴിയാത്രികരുടെയും ശ്രദ്ധയിൽപെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കഴുത്തറുത്തയുടൻ ക്രിസ്റ്റഫർ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നോർത്ത് പൊലീസിന്റെ അന്വേഷണത്തിനൊടുവിലാണ് ക്രിസ്റ്റഫറിനെ തിരിച്ചറിഞ്ഞത്. ആത്മഹത്യ ചെയ്ത സ്ഥലത്തിന് 50 മീറ്റർ ദൂരെ വെച്ചാണ് സുഹൃത്ത് സചിനെ ഇയാൾ വെട്ടിപ്പരിക്കേൽപിച്ചത്. ഇയാളുടെ കഴുത്തിനേറ്റ മുറിവ് ആഴമുള്ളതല്ല. സുഹൃത്തിനെ വെട്ടിയ അതേ കത്തി ഉപയോഗിച്ചാണ് ക്രിസ്റ്റഫർ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സചിൻ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിക്കാനുള്ള കാരണം പൊലീസ് അന്വേഷിച്ചുവരുന്നു. ക്രിസ്റ്റഫർ അടുത്തിടെയാണ് കലൂരിലെ സ്വകാര്യസ്ഥാപനത്തിൽ പുതിയ ജോലിയിൽ പ്രവേശിച്ചതെന്നും ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. യുവാവ് കത്തി ഉപയോഗിച്ച് സ്വയം മുറിവേൽപിക്കുന്നതും കഴുത്തറുക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സംഭവസ്ഥലത്തിന് സമീപത്തെ കടകളിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കഴുത്തറുത്തയുടൻ യുവാവ് കുഴഞ്ഞുവീഴുന്നതാണ് ദൃശ്യത്തിലുള്ളത്.