കളമശ്ശേരി: സുഹൃത്തിനൊപ്പം പുഴ നീന്തിക്കടക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ഏലൂർ പച്ചമുക്കിൽ വലിയ മുക്കത്ത് വീട്ടിൽ ലൂയീസിന്റെ മകൻ ജേക്കബ് നിജുവാണ് (35) മരിച്ചത്. വൈകീട്ട് 3.30ഓടെയാണ് അപകടം. മുട്ടാർപുഴയിൽ പച്ചമുക്ക് കടവിൽ സുഹൃത്ത് രാജേഷിനൊപ്പം പുഴ നീന്തിക്കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇരുവരും നീന്തുന്നതിനിടെ പാതിവെച്ച് രാജേഷ് മടങ്ങിപ്പോയി. എന്നാൽ, ജേക്കബ് നിജു മുന്നോട്ട് നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. തിരച്ചിലിനിടെ നാലരയോടെ എതിർവശം ചേരാനല്ലൂർ തീരത്ത് മൃതദേഹം കണ്ടെത്തി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ. പെയിന്റിങ് തൊഴിലാളിയായിരുന്നു.