ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-തൊടുപുഴ റോഡില്‍ കളത്തൂക്കടവിനുസമീപം വലിയമംഗലം ഭാഗത്ത് കെ.എസ്.ആര്.ടി.സി ബസും പാചകവാതക സിലിണ്ടർ കയറ്റിവന്ന മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മേലുകാവ് സ്വദേശി എഴുകുംകണ്ടത്തില്‍ ചാക്കോ എന്ന റിന്‍സ് സെബാസ്റ്റ്യനാണ് (36) മരിച്ചത്. ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. ഈരാറ്റുപേട്ടയില്‍നിന്ന് മേലുകാവ് ഭാഗത്തേക്ക് സിലിണ്ടറുമായി പോയ മിനി ലോറിയും തൃശൂരിൽനിന്ന് എരുമേലിക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർ റിന്‍സിനെ ഈരാറ്റുപേട്ട അഗ്നിരക്ഷാ സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രാവിലെ ശക്തമായ മഴ പെയ്ത് വെള്ളം കിടന്ന പ്രദേശത്തുകൂടി വേഗത്തിൽ പോയ വാഹനം വളവിൽ തെന്നി ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്‍ഡേന്‍ ഗ്യാസിന്റെ മേലുകാവ് കോണിപ്പാട് വിതരണ ഏജന്‍സിയിലെ ജീവനക്കാരനാണ് റിന്‍സ്. നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും ഏറെ പണിപ്പെട്ടാണ് റിന്‍സിനെ പുറത്തെടുത്തത്. ബസ് യാത്രികരായ അരീക്കോട് എം.എസ്.പി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ സാജൻ ഉൾപ്പെടെ പത്തുപേർക്ക് അപകടത്തിൽ പരിക്കേറ്റു. ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തെ തുടര്‍ന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം പാലാ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. റിൻസിന്റെ ഭാര്യ: നിതീസ (ഇടമറുക് പി.എച്ച്.സി, ആശാ വർക്കർ). മകൾ: റിതേഷ് (കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ പ്ലസ് ടു വിദ്യാർഥി), റിച്ചു (കുറുമണ്ണ് സെന്റ് ജോൺസ് സ്കൂൾ പ്ലസ് വൺ വിദ്യാർഥി), റിജിത്ത് (വാകക്കാട് സെന്റ് അൽഫോൻസ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് മേലുകാവുമറ്റം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.