പറവൂർ: മാർക്കറ്റിനുസമീപം തട്ടുകടവ് പുഴയിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തി. ചെറിയപല്ലംതുരുത്ത് കുറ്റിപ്പിള്ളിശ്ശേരി സത്യന്റെ (60) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ ഏഴിന് പുഴയിൽ പൊങ്ങിയത്. അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം കരക്കെടുത്തത്. ചെറിയപല്ലംതുരുത്തിലെ വീടിനുസമീപം രൂക്ഷമായ വെള്ളക്കെട്ടുമൂലം ഒരു വർഷമായി ചേന്ദമംഗലം ഭരണിമുക്കിലാണ് ഇയാളും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ വീട്ടിൽ വരാതിരുന്നതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച ഉച്ചയോടെ ചെറിയപല്ലംതുരുത്ത് വീടിനുസമീപം ഇയാളെ കണ്ടവരുണ്ട്. നേരത്തേ, പാലക്കാട്ട് ചെത്തുതൊഴിലാളിയായിരുന്ന സത്യന് ഇപ്പോൾ കൂലിപ്പണിയാണ്. അസുഖം മൂലം കുറച്ചുദിവസം ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. ഭാര്യ: ഷീല. മക്കൾ: സന്ദീപ്, സന്ധ്യ. മരുമക്കൾ: ശിവാനി, നിശാന്ത്.