മല്ലപ്പള്ളി: പാറക്കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു. ഊരിയക്കുന്നത്ത് ഷിബു ജേക്കബിന്റെയും ശോശാമ്മ സ്കറിയയുടെയും മകൻ ആൽബിൻ ജെ. ഷിബുവാണ് (16) മരിച്ചത്. വെണ്ണിക്കുളം കോതകുളം ഊരിയക്കുന്നത്ത് ഒ.സി റോഡരികിലെ സ്വകാര്യ പാറക്കുളത്തിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുമ്പോൾ കാൽവഴുതി വീണതാണെന്നാണ് പൊലീസ് പറയുന്നത്. പുറമറ്റം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനീത്കുമാറും ജൂലി കെ. വർഗീസും ചേർന്ന് കുമ്പനാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെണ്ണിക്കുളം എസ്.ബി ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പത്താം ക്ലാസ് ജയിച്ചശേഷം പ്ലസ് വൺ പ്രവേശനം കാത്തിരിക്കുകയായിരുന്നു. സഹോദരങ്ങൾ: ആരോൺ, അക്ഷ.