കറ്റാനം: യജ്ഞാചാര്യൻ സപ്താഹത്തിനിടെ മരണപ്പെട്ടു. ഭരണിക്കാവ് തെക്കേ മങ്കുഴി സച്ചിദാനന്ദാശ്രമം മഠാധിപതി കുട്ടപ്പസ്വാമികളാണ് (82) സ്വന്തം ആശ്രമത്തിന്റെ യഞ്ജവേദിയിൽ മരണപ്പെട്ടത്. ചടങ്ങ് നടക്കുന്നതിനിടെ വെള്ളിയാഴ്ച് രാവിലെ 11നാണ് മരണം. കേരളത്തിലെ സപ്താഹ യജ്ഞങ്ങളുടെ ആദ്യ ഉപജ്ഞാതാക്കളിൽ പ്രധാനിയായിരുന്നു. 48 വർഷത്തിനിടെ 5000 ത്തോളം സപ്താഹ യജ്ഞങ്ങൾ നടത്തിയിട്ടുണ്ട്. നൂറോളം അധ്യാത്മിക ഗ്രന്ഥങ്ങളുടെ രചയിതാവാണ്. അധ്യാപക ജീവിതത്തിൽനിന്ന് വിരമിച്ച ശേഷമാണ് ആധ്യാത്മിക രംഗത്തേക്ക് തിരിഞ്ഞത്. അടൂർ നെല്ലിമുകളിൽ ആയിരുന്നു ആദ്യ ആശ്രമം. 33 വർഷം മുമ്പാണ് ജന്മദേശമായ തെക്കേ മങ്കുഴിയിൽ സച്ചിദാനന്ദാശ്രമം സ്ഥാപിച്ചത്. സംസ്കാരം ഞായറാഴ്ച് രാവിലെ 10ന് ആശ്രമ വളപ്പിൽ നടക്കും.