അമ്പലവയൽ: അമ്പലവയല്‍ പഞ്ചായത്തിലെ തോമാട്ടുചാൽ നെടുമുള്ളിയില്‍ വീടിന്റെ സംരക്ഷണഭിത്തി നിർമാണത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി മരിച്ചു. സുൽത്താൻ ബത്തേരി കോളിയാടി നായ്ക്കമ്പാടി കോളനിയിലെ ബാബുവാണ് (37) മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ മണ്ണിലകപ്പെട്ടെങ്കിലും രക്ഷപ്പെട്ടു. ബാബു പൂര്‍ണമായി മണ്ണിലകപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. സുൽത്താൻ ബത്തേരി, കൽപറ്റ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷസേന, അമ്പലവയൽ പൊലീസ്, നാട്ടുകാർ എന്നിവർ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ മണ്ണുമാറ്റി ബാബുവിനെ പുറത്തെടുത്ത് സുൽത്താൻ ബത്തേരി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രതികൂല കാലാവസ്ഥക്കിടെയും അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ബാബുവിനെ പുറത്തെടുക്കാനായത്.