കൂത്താട്ടുകുളം: കെ.എസ്.ഇ.ബി കൂത്താട്ടുകുളം സെക്ഷനിലെ ലൈൻമാൻ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റു മരിച്ചു. കോതമംഗലം അടിവാട് തെക്കേ കവലയിൽ കിഴക്കേൽ കെ.കെ. ഷറഫുദ്ദീനാണ് (അഷറഫ് -51) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 1.30ഓടെ വടക്കൻ പാലക്കുഴ ആറൂരിൽ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെയാണ് സംഭവം. അറ്റകുറ്റപ്പണിക്കായി ഓഫ് ചെയ്യേണ്ട ട്രാൻസ്ഫോർമർ മാറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഷറഫുദ്ദീനെ സഹായിക്കാൻ ഒരു ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും പോസ്റ്റിന്റെ സമീപത്തുനിന്ന് ഇയാൾ മാറിയ സമയത്തായിരുന്നു അപകടം. കൂത്താട്ടുകുളം അഗ്നി രക്ഷാസേന എത്തിയാണ് ഷറഫുദ്ദീനെ പോസ്റ്റിൽനിന്ന് ഇറക്കിയത്. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: റസീന. മക്കൾ: സുഹൈൽ, ഫാത്തിമ. ഖബറടക്കം തിങ്കളാഴ്ച മാവുടി ചന്ദനക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.