അടിമാലി: കുഞ്ചിത്തണ്ണി ശ്രീനാരായണപുരം റിപ്പിൾ വെള്ളച്ചാട്ടത്തിന് സമീപം വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ചിത്തണ്ണി ടൗണിലെ ആദ്യകാല വ്യാപാരി പി.കെ. കൊച്ചുമുഹമ്മദിനെയാണ് (71) മുതിരപ്പുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് പാറയിൽ തട്ടി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. പ്രദേശത്ത് എത്തിയ സഫാരി ജീപ്പ് ഡ്രൈവർമാരാണ് ആദ്യം കണ്ടത്. ഇവർ രാജാക്കാട് പൊലീസ് സ്റ്റേഷനിൽ വിവരം നൽകി. പൊലീസ് എത്തി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. 50 വർഷത്തിലേറെയായി കുഞ്ചിത്തണ്ണിയിൽ വ്യാപാരം നടത്തുന്ന ആളാണ് കൊച്ചുമുഹമ്മദ്. രാവിലെ മുതിരപ്പുഴയാറിൽ കുളിക്കാൻ പോകാറുണ്ട്. കുളിക്കാൻ പോയപ്പോൾ കാൽതെറ്റി പുഴയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അവിവാഹിതനാണ്. സംസ്കാരം പിന്നീട്.