വൈറ്റില: വൈറ്റില മേൽപാലത്തിൽനിന്ന് വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് കണിച്ചുകുളങ്ങര പോട്ടാളത്ത് നടരാജന്റെ മകൻ രാജേഷാണ് (38) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അരൂരിൽനിന്ന് ഇടപ്പള്ളിയിലേക്ക് പോകുന്ന വഴി പാലത്തിനു മുകളിൽനിന്ന് യുവാവ് വീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. സഞ്ചരിച്ചിരുന്ന ബൈക്ക് പാലത്തിൽതന്നെ മറിഞ്ഞു കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാലത്തിന്റെ മതിലിലിടിച്ച് യുവാവ് താഴേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം. ബൈക്കിന്റെ മുൻഭാഗത്ത് കേടുപാടുകളുണ്ട്. പാലത്തിന്റെ മതിലിൽ വാഹനം ഉരഞ്ഞ പാടുകളുണ്ട്. മരട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു രാജേഷ്. മാതാവ്: രാധ. ഭാര്യ: ശ്യാമ. മകൻ: ധ്യാൻ. സഹോദരി: ആശ.