പട്ടാമ്പി: തിങ്കളാഴ്ച രാത്രി പട്ടാമ്പി പാലത്തിനു മുകളിൽ നിന്ന് പുഴയിൽ ചാടിയ ആമയൂർ സ്വദേശിനിയുടെ മൃതദേഹം പട്ടാമ്പി ബസ്സ്റ്റാൻഡിന് പിറകിൽ പുഴയിൽ കണ്ടെത്തി. രാത്രി എട്ടോടെ പുഴയിൽ ചാടിയ യുവതിക്കായി തിരച്ചിൽ നടക്കുന്നതിനിടെയാണ് ആമയൂർ അമ്പലപ്പറമ്പിൽ രഘുവിന്റെ മകൾ രേഷ്മയെ (31) കാണാനില്ലെന്ന് കൊപ്പം പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതായി അറിയുന്നത്. പാലത്തിനു മുകളിൽ വെച്ചിരുന്ന ബാഗിൽ നിന്ന് പൊലീസ് മൊബൈൽ ഫോൺ കണ്ടെത്തുകയും പിതാവ് സ്ഥലത്തെത്തി രേഷ്മയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി അവസാനിപ്പിച്ച തിരച്ചിൽ ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ചു. ഇതിനിടെ നാട്ടുകാരാണ് പുഴയിൽ പൊങ്ങിക്കിടന്ന മൃതദേഹം കണ്ടത്. തുടർന്ന് പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അച്ഛനമ്മമാർക്കൊപ്പമായിരുന്നു രേഷ്മ താമസിച്ചിരുന്നത്. ഭർത്താവ്: ചാലിശ്ശേരി കാക്കശ്ശേരി അജീഷ്. മകൾ: അർച്ചന. മാതാവ്: ചന്ദ്രമതി.