കട്ടപ്പന: അന്തർസംസ്ഥാന തൊഴിലാളികളുടെ ആറുവയസ്സുകാരനായ മകൻ പടുതക്കുളത്തിൽ വീണ് മരിച്ചു. ചങ്ങനാശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിൽ ഉപ്പുതറ ഒമ്പതേക്കറിലെ തോട്ടത്തിൽ താമസിക്കുന്ന അസം ഗുവാഹതി ജാഗീ റോഡ് സ്വദേശികളായ ദുലാൽ ദാസ്-കുഞ്ചൽ ദമ്പതികളുടെ മകൻ ഓംകൂറാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 3.30ഓടെ ഇതേ തോട്ടത്തിലാണ് അപകടം. മാതാപിതാക്കൾക്ക് സമീപം കളിക്കുകയായിരുന്ന കുട്ടിയെ കാണാതെ വന്നതിനെ തുടർന്ന് അയൽവീടുകളിൽ അന്വേഷിച്ചു. ഇതിനിടെ പടുതക്കുളത്തിന് സമീപത്ത് ഒരു ചെരിപ്പ് കണ്ടെത്തി. തുടർന്നാണ് കുളത്തിൽ കണ്ടെത്തിയത്. ഉടൻ പുറത്തെടുത്ത് ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഉപ്പുതറ പൊലീസ് കേസെടുത്തു.