ചെങ്ങന്നൂർ: കോവിഡ് ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാൻ ആശുപത്രിയിലേക്ക് പോയ വയോധിക സ്കൂട്ടറിടിച്ച് മരിച്ചു. മാന്നാർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പടിഞ്ഞാറുടക്കത്ത് വീട്ടിൽ കുട്ടപ്പന്റെ ഭാര്യ ഭവാനിയാണ് (76) മരിച്ചത്. കോയിക്കൽമുക്ക്-എണ്ണയ്ക്കാട് റോഡിൽ കുട്ടമ്പേരൂർ കുന്നത്തൂർ ദുർഗാദേവി ക്ഷേത്രത്തിന് കിഴക്ക് വ്യാഴാഴ്ച രാവിലെ 10നായിരുന്നു അപകടം. മാന്നാർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാൻ പോകവെ ഓട്ടോയിൽ കയറാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിടിക്കുകയായിരുന്നു. ഉടൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാന്നാർ പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ: ശോഭ, ഗീത. മരുമക്കൾ: ശിവദാസൻ, ശശിധരൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.