കൂട്ടാർ: അന്തർ സംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി ഫജറുൽ ഹഖിനെയാണ് (23) താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷത്തോളമായി ഫജറുൽ ഹഖ് സുഹൃത്തുക്കളോടൊപ്പം കെട്ടിടം വാടകക്കെടുത്ത് മേസ്തിരിപ്പണി ചെയ്തുവരുകയായിരുന്നു. വ്യാഴാഴ്ച ഇയാളും സുഹൃത്തും മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. രാത്രി ഒരുമണിവരെ സംസാരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അതിനുശേഷമാകാം മരിച്ചതെന്നാണ് കരുതുന്നത്. കമ്പംമെട്ട് പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.