വൈക്കം: മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം വൈപ്പിൻപടി സ്വദേശി ഹരിദാസ് കമ്മത്തിനെയാണ് (50) വ്യാഴാഴ്ച രാവിലെ 11ഓടെ വൈപ്പിൻപടി ജങ്ഷന് സമീപത്തെ ആൾത്താമസമില്ലാത്ത വീടിന് പിറകിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടും പുരയിടവും നോക്കാനെത്തുന്നയാളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. വർഷങ്ങൾക്ക് മുമ്പ് വൈപ്പിൻപടിയിലെ വീടും സ്ഥലവും വിറ്റ് ചേർത്തലക്ക് കുടുംബസമേതം താമസം മാറിയ ഹരിദാസ് കമ്മത്ത് ഭാര്യയുമായി പിണങ്ങിയശേഷം കുറച്ചുകാലമായി വൈക്കത്താണ് താമസം. കെട്ടിട നിർമാണ തൊഴിലാളിയായും ചായക്കടകളിൽ സഹായിയായും ജോലി ചെയ്തുവരുകയായിരുന്നു. വൈപ്പിൻപടിയിലെ ആൾത്താമസമില്ലാത്ത വീടിന് പിറകിൽ മഴകൊള്ളാത്ത ഭാഗത്താണ് ഇയാൾ കുറച്ചുദിവസമായി തങ്ങിയിരുന്നത്. വൈക്കം പൊലീസ് നടപടി സ്വീകരിച്ചു.